ബ്രസീലിയ: ആമസോണ്‍ വനമേഖലയില്‍ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാന്‍ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ശക്തമായ മഴയ്ക്കായി ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. ബ്രസീല്‍ സര്‍ക്കാര്‍ നടത്തുന്ന അഗ്നിശമനപ്രവര്‍ത്തനങ്ങളിലൂടെ ചെറിയ കാട്ടുതീ അണയ്ക്കാനും വീണ്ടും പടരുന്നതു തടയാനും മാത്രമേ കഴിയുന്നുള്ളൂ. 20 മില്ലിമീറ്റര്‍ മഴ 2 മണിക്കൂറോളം ലഭിച്ചെങ്കില്‍ മാത്രമേ ചെറിയ കാട്ടുതീ പോലും അണയൂ. അതല്ലെങ്കില്‍ വെള്ളം ആവിയായി പോകും.

അതേസമയം 2 കോടി ഡോളര്‍ സഹായം നല്‍കാമെന്ന ജി7 രാജ്യങ്ങളുടെ വാഗ്ദാനം ബ്രസീല്‍ ആദ്യം തള്ളിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ തനിക്കെതിരെ നടത്തിയ ആക്ഷേപം പിന്‍വലിച്ചാല്‍ സഹായം സ്വീകരിക്കുന്നതു പരിഗണിക്കാമെന്ന് പിന്നീട് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സൊനാരോ അറിയിച്ചു.