വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ നേടിയ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ അന്താരാഷ്ട്ര ടി20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം വിജയമാണിത്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിന്‍ഡീസിനെ പരാജയപെടുത്തിയ പാകിസ്ഥാന്റെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

മത്സരത്തില്‍ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്ബര ഇന്ത്യ 3-0 ന് സ്വന്തമാക്കി. മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തില്‍ ഇന്ത്യ മറികടന്നു. 42 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 65 റണ്‍സ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തും 45 പന്തില്‍ 59 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.