ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നതോടെ, മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം 100 വയസ്സായി ഉയരുമെന്ന് റിപ്പോര്‍ട്ട്. മരണം എത്രത്തോളം വൈകിപ്പിക്കാമെന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാകും അടുത്ത പതിറ്റാണ്ട് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ബാങ്ക് ഓഫ് അമേരിക്ക തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായാധിക്യത്തെയും മരണത്തെയും ചെറുക്കാനുള്ള ശ്രമങ്ങളിലാകും ശാസ്ത്രലോകം ഇനി കൂടുതല്‍ സമയം ചെലവിടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഇത്തരം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി 110 ബില്യണ്‍ ഡോളറെങ്കിലും ചെലവാക്കപ്പെടുന്നുണ്ട്. അത് 2025 ആകുന്നതോടെ 600 ബില്യണെങ്കിലുമായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, രോഗപ്രതിരോധം തുടങ്ങിയ മേഖലകളിലാകും ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുക. മെറില്‍ ലിഞ്ചിലെ ഫെലിക്‌സ് ട്രാന്‍, ഹെയിം ഇസ്രയേല്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വൈദ്യശാസ്ത്ര രംഗത്തെ അറിവുകള്‍ അതിവേഗം വര്‍ധിച്ചുവരികയാണെന്ന് ഇവര്‍ പറയുന്നു. 2010-ല്‍ വൈദ്യശാസ്ത്ര രംഗത്തെ ്‌റിവുകള്‍ ഇരട്ടിക്കുന്നതിന് മൂന്നരവര്‍ഷമെടുത്തിരുന്നെങ്കില്‍, 2020 ആകുമ്ബോള്‍ അത് ഓരോ 73 ദിവസത്തിലും ഇരട്ടിയാകുമെന്ന് ഫെലിക്‌സ് ട്രാനും ഹെയിം ഇസ്രയേലും പറയുന്നു. സാങ്കേതിക വിദ്യയും (ടെക്‌നോളജി) മാനവികതയും (ഹ്യുമാനിറ്റി) സംയോജിക്കുന്ന ടെക്മാനിറ്റിയെന്ന പുതിയ മേഖലയുടെ കാലമാണ് ഇനി വരാന്‍ പോകുന്നതെന്നും അവര്‍ പറയുന്നു.

ആയുര്‍ദൈര്‍ഘ്യം കൂട്ടുകയെന്നതാവും ഗവേഷണങ്ങളുടെ കാതല്‍. മരണത്തെ തോല്‍പ്പിക്കുകയെന്ന ദൗത്യം ശാസ്ത്രം ഏറ്റെടുക്കും. അമരത്വം നേടാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് 2025-ഓടെ 504 ബില്യണ്‍ ഡോളറിന്റെ വിപണി സാധ്യതകളുണ്ടാവുമെന്നും അവര്‍ പറയുന്നു. വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതിക സ്ഥാപനങ്ങളായ ഇന്‍ട്യൂറ്റീവ് സര്‍ജിക്കലും സിമ്മര്‍ ബയോമെറ്റും പോലുള്ള സ്ഥാപനങ്ങളാണ് നേട്ടമുണ്ടാക്കുക. കാല്‍മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ 10,000 പേരില്‍ ്പഠനം നടത്താന്‍ അടുത്തിടെ സിമ്മര്‍ ബയോമെറ്റും ആപ്പിളും ധാരണയിലെത്തിയിരുന്നു.

അഞ്ച് കാര്യങ്ങളിലാണ് ഗവേഷണങ്ങള്‍ വ്യാപിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആയുര്‍ദൈര്‍ഘ്യം നേടല്‍, ജീന്‍ എഡിറ്റിങ്, സിസ്റ്റിക് ഫൈബ്രോസിസിനെയും പാര്‍ക്കിന്‍സണ്‍സിനെയും പോലുള്ള രോഗങ്ങളെ അതിജീവിക്കുന്ന മൂണ്‍ഷോട്ട് മരുന്നുകള്‍, ആരോഗ്യപരിപാലന രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുക, ജീന്‍ എഡിറ്റിങ്ങുള്‍പ്പെടെയുള്ള മാറ്റം വരുത്തിയ കാലോചിതമായ പുതിയ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തുക എന്നിവയാണ് പുതിയ പഠനമേഖലകളെന്നും പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അല്‍ഷെയ്‌മേഴ്‌സിനെയും പാര്‍ക്കിന്‍സണ്‍സിനെയും പോലുള്ള രോഗങ്ങളെ ചെറുക്കുന്ന മരുന്നുകള്‍ കണ്ടെത്തുകയാവും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനുവേണ്ടി വന്‍കിട സ്ഥാപനങ്ങള്‍ പണമിറക്കും. സന്‍ഗാമോ തെറാപ്യൂട്ടിക്‌സ്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ന്യൂറോക്രിന്‍ ബയോസയന്‍സസ്, വെര്‍ട്ടെക്‌സ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ മൂണ്‍ഷോട്ട് മരുന്നുകളെന്നറിയപ്പെടുന്ന പ്രതിരോധ മരുന്നുകള്‍ക്കുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.