റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ ബുള്ളറ്റ് 350 പുതിയ മാറ്റങ്ങളോടെ പുറത്തിറങ്ങി. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 എക്‌സ് ആണ് പുതിയ മോഡല്‍. 1.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. 1.27 ലക്ഷം രൂപയ്ക്ക് പുതിയ ബുള്ളറ്റ് 350 ഇഎസ് മോഡലും കമ്ബനി വിപണിയിലെത്തിച്ചിട്ടുണ്ട്.

വില കുറക്കുന്നതിന്റെ ഭാഗമായി കറുപ്പ് നിറത്തോടുകൂടിയ എഞ്ജിന്‍ ബ്ലോക്കും, ക്രാങ്ക് കേസുമായിരിക്കും പുതിയ ബുള്ളറ്റില്‍ ഉണ്ടാവുക.

ബുള്ളറ്റ് 350 കറുപ്പ് നിറത്തില്‍ മാത്രം ലഭ്യമാകുമ്ബോള്‍ ബുള്ളറ്റ് 350 എക്‌സ് പല വര്‍ണങ്ങളില്‍ വിപണിയില്‍ എത്തും. വാഹനത്തിന്റെ നിറത്തിനനുസരിച്ച്‌ ഗ്രാഫിക് ഡിസൈനുകളിലും ചെറിയ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. കൂടുതല്‍ ലളിതമായ ഗ്രാഫിക് ഡിസൈനുകളായിരിക്കും ബുള്ളറ്റ് 350 എക്‌സില്‍ ഉണ്ടാവുക.

നിലവില്‍ സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് 350ക്ക് 1.21 ലക്ഷം രൂപയും ബുള്ളറ്റ് 350 ഇഎസിന് 1.36 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇതിനെക്കാള്‍ 9000 രൂപയോളം കുറവാണ് പുതിയ മോഡലുകള്‍ക്ക്.

നിലവിലെ മോഡലില്‍നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും പുതിയ 350 എക്‌സ് മോഡലില്‍ ഉണ്ടാകില്ല. 19.8 ബിഎച്ച്‌പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാകും ബുള്ളറ്റ് 350 എക്‌സില്‍ ഉണ്ടാവുക. റോയല്‍ എന്‍ഫീഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ വാഹനമായാണ്‌
ബുള്ളറ്റ് 350 എക്‌സ് എത്തുക.

ഓരോ വകഭേദവും മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകും. ബുള്ളറ്റ് സില്‍വര്‍, സഫയര്‍ ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങള്‍ എക്‌സ് വാഗ്ദാനം ചെയ്യുമ്ബോള്‍ ഉയര്‍ന്ന മോഡലായ ഇഎസ്-എക്‌സില്‍ റീഗല്‍ റെഡ്, റോയല്‍ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകും.